വാഗമണ്ണില്‍ വൻ ലഹരിവേട്ട; എം.ഡി.എം.എയും ഹാഷിഷ് ഓയിലും കഞ്ചാവും പിടിച്ചെടുത്തു: യുവതി അടക്കം രണ്ടുപേർ അറസ്റ്റില്‍




പീരുമേട്: വാഗമണ്ണില്‍ വൻ ലഹരി വേട്ട. എം.ഡി.എം.എ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവ ഉള്‍പ്പെടെയുള്ള ലഹരി ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ യുവതി അടക്കം രണ്ടുപേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. 

കോഴിക്കോട് സ്വദേശി മുഹമ്മദ് ഫവാസ് (32), ഫറോഖ് സ്വദേശി ശ്രാവണ്‍ താര ( 24 ) എന്നിവരെയാണ് പിടികൂടിയത്. വാഗമണ്ണില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.

-തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തുന്ന വാഹന പരിശോധനയ്ക്കിടയിലായിരുന്നു പ്രതികളുടെ അറസ്റ്റ്. 47.98 ഗ്രാം എം.ഡി.എം.എ. 2.970 ഗ്രാം ഹാഷിഷ് ഓയില്‍, 5 ഗ്രാം കഞ്ചാവ് എന്നിവയാണ് ഇവ‌ർ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്നും പിടിച്ചെടുത്തത്. വാഹനം എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

ജില്ലയില്‍ തന്നെ നടന്നിട്ടുള്ള വലിയ ലഹരി വേട്ടകളിലൊന്നാണിത്. തുടർന്ന് ഇവർ താമസിച്ചിരുന്ന റിസോർട്ടില്‍ പരിശോധന നടത്തുകയും ഇവിടെ നിന്നും 3.75 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തു. ഇവർക്ക് എതിരെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് പല കേസുകളും ഉള്ളതായി എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്. 

ലഹരി വേട്ടയുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തുമെന്ന് എക്‌സൈസ് സർക്കിള്‍ ഇൻസ്‌പെക്ടർ അമല്‍രാജ് പറഞ്ഞു. 

ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ പ്രിൻസ് ബാബു, അസി. എക്‌സൈസ് കമ്മീഷണർ പ്രദീപ്കുമാർ എന്നിവരുടെ നേതൃത്വത്തില്‍ ഇൻസ്‌പെക്ടർ മിഥുൻ വിജയ്, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ബി. രാജകുമാർ , ഉദ്യോഗസ്ഥരായ ജോബി ചാക്കോ, ജയരാജ്, സിവില്‍ എക്‌സൈസ് ഓഫീസർ രാമകൃഷ്ണൻ, മണികണ്ഠൻ, മിഥുൻ, എ. കുഞ്ഞുമോൻ, അൻസാർ വനിത എക്‌സൈസ് ഓഫീസർ സിന്ധു, പ്രിവന്റീവ് ഓഫീസർ സത്യരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Post a Comment

Previous Post Next Post